Tuesday, December 2, 2014

ഗവേഷണറിപ്പോർട്ട്, അന്വേഷണറിപ്പോർട്ട്, പത്രറിപ്പോർട്ട്

കേരള സർവ്വകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. വീരമണികണ്ഠന്റെ ഗവേഷണപ്രബന്ധത്തിൽ മോഷണം ഉണ്ടെന്ന്‌ ഒരാൾ പരാതി ഉയർത്തി. പരാതി അന്വേഷിച്ച സർവകലാശാല ഒരു വിദഗ്ധനെ നിയോഗിച്ചു. വിദഗ്ധറിപ്പോർട് പത്രങ്ങളിൽ വാർത്തയായി. മോഷണമാണ്‌ നടന്നതെന്ന് ചില പത്രങ്ങൾ തറപ്പിച്ചു പറയുന്നു. ലഭ്യമായ വിവരങ്ങൾ വച്ച് ഒരു വിശകലനം നടത്തണമെന്നുണ്ട്. അതുചെയ്യണമെങ്കിൽ ആമുഖമായി ഗവേഷണത്തെയും ഗവേഷണറിപ്പോർടിനെയും കുറിച്ച് ചില വിവരങ്ങൾ നല്കേണ്ടതുണ്ടെന്നു തോന്നുന്നു.  

ഗവേഷണവും ഗവേഷണറിപ്പോർട്ടും
ഒരു ഗവേഷകന്റെ അഞ്ചോ പത്തോ ചിലപ്പോൾ അതിലധികമോ വർഷത്തെയോ ഒരു ജീവിതകാലം മുഴുവന്റെയോ പ്രയത്നവും ആത്മാംശവും അയാളുടെ ഗവേഷണത്തിലുണ്ടാവും. ഗവേഷണപ്രബന്ധം ആ പ്രയത്നത്തിന്റെ ഒരു സാങ്കേതിക റിപ്പോർട് മാത്രം ആണ്‌. ഗവേഷണഫലത്തെ ശാസ്ത്രലോകത്തേക്കു വിനിമയംചെയ്യാനുള്ള ഒരു ഉപാധിയാണത്. പഠനസ്ഥാപനങ്ങളിലാണെങ്കിൽ, ഒരു  കോഴ്സ് നിർദ്ദിഷ്ട രീതിയിൽ പൂർത്തിയാക്കി എന്നതിന്റെ തെളിവും കൂടിയാണ്‌ ഈ റിപ്പോർട്. അത്രമാത്രമാണ്‌ എന്നും ഓർക്കുക.
ഗവേഷണപ്രബന്ധത്തിന്റെ രൂപരേഖ അത് ഏതു വിജ്ഞാനശാഖയിലാണെന്നതിനെ ആശ്രയിച്ചിരിക്കും.  ഡോ. വീരമണികണ്ഠന്റെ ഗവേഷണം മനശ്ശാസ്ത്രത്തിലാണ്‌. മന:ശാസ്ത്രത്തിൽ ഗവേഷണറിപ്പോർട്ട് എഴുതുന്നതിന്‌ അവലംബിക്കുന്നത് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ (എ പി എ) മാർഗരേഖകളാണ്‌. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ എ പി എ മാതൃക അതേപടി പിന്തുടരുന്നതിനു പ്രായോഗികബുദ്ധിമുട്ടുകളുള്ളതിനാൽ ഈ മാതൃക പൊതുവിൽ പിന്തുടരുകയാണ്‌ ചെയ്യാറ്‌. ഈ രീതിയനുസരിച്ച്, ഗവേഷണപ്രബന്ധത്തിന്‌ ഇൻട്രൊഡക്ഷൻ, റിവ്യു ഓഫ് ലിറ്ററേചർ, മെതഡോളജി, റിസൾട്ട് ആൻഡ് ഡിസ്ക്കഷൻ, സമ്മറി എന്നീ അധ്യായങ്ങൾ ആണ്‌ ഉണ്ടാവുക. (ഭാഷാവിഷയങ്ങളിലും, മാനവികവിഷയങ്ങളിലും പിന്തുടരുന്നത് വേറെ രീതിയും മാർഗരേഖകളും ആണ്‌.) ഇവയിൽ ഓരോ ഭാഗത്തും മറ്റുള്ള പഠനങ്ങളിൽനിന്നുള്ള ഭാഗങ്ങൾ വരാമോ എന്നു നോക്കുന്നതിനുമുൻപ് ഈ അധ്യായങ്ങളുടെ സ്വഭാവം എന്തെന്നു പറയേണ്ടിവരും.
എന്താണ്‌ ഇൻട്രൊഡൿഷനും റിവ്യു ഓഫ് ലിറ്ററേച്ചറും?
ഇൻട്രൊഡൿഷനെന്നാൽ ഗവേഷണത്തിന്റെ പശ്ചാത്തലപഠനമാണ്‌. ഗവേഷണം നടത്താനുദ്ദേശിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ ഗവേഷണത്തിന്റെ പ്രസക്തി സ്ഥാപിച്ചെടുക്കുകയാണ്‌ അതിന്റെ ഉദ്ദേശ്യം. അതിനുവേണ്ടി ബന്ധപ്പെട്ട സിദ്ധാന്തങ്ങളെക്കുറിച്ച് പരാമർശിക്കുക തന്നെയാണ്‌ വേണ്ടത്. ഉദാഹരണത്തിന്‌, പരിണാമസംബന്ധിയായ ഗവേഷണറിപ്പോർടിന്റെ ഇൻട്രൊഡക്ഷനിൽ ഡാർവിന്റെയോ അദ്ദേഹത്തിനും മുൻപുതന്നെയോ ഉള്ള കൃതികൾ പരാമർശിക്കപ്പെടുക തന്നെ വേണം. ഒരു സിദ്ധാന്തവുമായി ബന്ധമില്ലാത്ത ഗവേഷണം സ്വതന്ത്രഭാവനയാണ്‌; ശാസ്ത്രഗവേഷണമല്ല. അതിന്‌ ലോകത്തൊരു സർവകലാശാലയും അനുമതി കൊടുക്കില്ല.
ഇനി, റിവ്യൂ എന്താണെന്നു നോക്കുക. പേരു സൂചിപ്പിക്കുന്നതു പോലെ ഈ മേഖലയിൽ നടന്നിട്ടുള്ള മുൻപഠനങ്ങളുടെ അവലോകനമാണത്. സമാനപഠനങ്ങളുടെ സ്വഭാവം എന്ത്, അവയുടെ ഫലം എന്ത്, അവയിൽനിന്നുരുത്തിരിഞ്ഞുവരുന്ന വിവിധ പ്രവണതകൾ എന്തെല്ലാം- ഇതെല്ലാം പറയുകയാണ്‌ ഈ അധ്യായത്തിൽ ചെയ്യേണ്ടത്. ഇതിന്റെ പ്രധാന ഉദ്ദേശ്യം ഇവയാണ്‌- താൻ ചെയ്യാൻ പോകുന്ന ഗവേഷണം മുൻപഠനങ്ങളിൽ ഇതിനോടകം വന്നുകഴിഞ്ഞതല്ല, അതിനാൽ തന്റെ ഗവേഷണത്തിനു സാംഗത്യം ഉണ്ട് എന്നു സ്ഥാപിക്കുക; മുൻപഠനങ്ങളിൽ ഇനിയും വേണ്ടത്ര പഠിക്കപ്പെടാത്ത / തെളിയിക്കപ്പെടാത്ത കാര്യങ്ങൾ ഉണ്ടോ എന്നു പറയുക; ഇക്കാരണങ്ങളാൽ തന്റെ പഠനം പ്രസക്തമാണ്‌ എന്നു സ്ഥാപിക്കുക.
അതായത്,ഗവേഷണത്തിന്റെ പശ്ചാത്തലവും സാംഗത്യവും പറയാനായി എഴുതുന്ന അധ്യായങ്ങളാണ്‌ ഇൻട്രൊഡക്ഷനും റിവ്യുവും. അവ  മറ്റു പഠനങ്ങളെ ആശ്രയിച്ചാണ്‌ എഴുതേണ്ടത്. അങ്ങനെ എഴുതിയില്ലെങ്കിൽ അവ അവയുടെ ഉദ്ദേശ്യം നിറവേറ്റില്ല. അവ ഗവേഷകൻ ഭാവനയിൽ നിന്ന് എഴുതേണ്ടതല്ല. ശാസ്ത്രഗവേഷണറിപ്പോർടിൽ ഭാവനക്ക് ഒരു പങ്കുമില്ല.
മെതഡോളജി
മെതഡോളജി ഗവേഷണത്തിന്റെ നടപടിക്രമമാണ്‌. ഗവേഷണത്തിന്റെ ഡിസൈൻ, വേരിയബിൾസ്, ഡേറ്റ, പ്രൊസീജർ, ഡേറ്റയുടെ വിശകലനം എന്നിവയാണ്‌ ഈ അധ്യായത്തിൽ ഉണ്ടാവുക. ഇവ മുൻപഠനങ്ങളെ ആശ്രയിച്ചെഴുതാമോ എന്നതാണ്‌ അടുത്ത ചോദ്യം. ചില ഭാഗങ്ങളിൽ തീർച്ചയായും ആവാം എന്നാണ്‌ ഉത്തരം. ഉദാഹരണത്തിന്‌ ചില ഗവേഷണമേഖലകളിൽ അംഗീകൃതമായ ഡിസൈനുകളും പ്രൊസീജറുകളും എണ്ണത്തിൽ ചുരുക്കമേ ഉണ്ടാവൂ. അത്തരം ഗവേഷണങ്ങളിൽ മുൻ മാതൃകകളെ ആശ്രയിക്കുക തന്നെ വേണം. അതുപോലെ ഗവേഷണത്തിലുപയോഗിച്ച വേരിയബിൾസ് നിർവചിക്കുന്ന ഭാഗത്ത് അവ ആധികാരികഗ്രന്ഥങ്ങളിൽനിന്ന്‌  എടുത്തേ മതിയാവൂ. ഉദാഹരണത്തിന്‌ രക്തസമ്മർദ്ദത്തിന്‌ ലോകവ്യാപകമായി ഉപയോഗിക്കുന്ന നിർവചനം ഒരു ഗവേഷകൻ എടുത്തെഴുതിയേ മതിയാവൂ. അയാൾക്ക് സ്വന്തം ഇഷ്ടത്തിന്‌ അത് മാറ്റിയെഴുതാൻ പറ്റില്ല. മുൻരചനകളുമായി സാമ്യം വരുന്ന മറ്റൊരു ഭാഗം ഗവേഷണഫലത്തിന്റെ  വിശകലനമാണ്‌. അവിടെ മുൻപഠനങ്ങളുടെ ഫലങ്ങളുമായുള്ള താരതമ്യം ചേർക്കാറുണ്ട്. അവയുടെ ഫലങ്ങൾ  ഉദ്ധരിക്കേണ്ടതായും വരും.
അങ്ങനെ വരുമ്പോൾ ഗവേഷണറിപ്പോർടിന്റെ സിംഹഭാഗത്തും മറ്റു സിദ്ധാന്തങ്ങളും ഗവേഷണഫലങ്ങളും ഉദ്ധരിക്കേണ്ടതായുണ്ട് എന്നുതന്നെ കാണാം.
അപ്പോൾ പിന്നെ എവിടെയാണ്‌ ഗവേഷണറിപ്പോർടിന്റെ മൗലികഭാഗം?
ഗവേഷണറിപ്പോർടിന്റെ മൗലികഭാഗം
ഗവേഷകൻ ശേഖരിച്ച ഡേറ്റയും അതു വിശകലനം ചെയ്ത ഫലവും ഈ ഫലത്തിന്റെ അപഗ്രഥനവും അതിൽനിന്ന് അയാൾ എത്തിച്ചേരുന്ന നിഗമനവുമാണ്‌ ഗവേഷണറിപ്പോർടിന്റെ  മൗലികഭാഗം. ഇതാണ്‌ പ്രബന്ധത്തിന്റെ ‘ഹൃദയഭാഗം’. ഗവേഷണഫലം എന്നു പറയാവുന്നത് ഈ ഭാഗത്തെയാണ്‌. ഈ ഫലത്തിലേക്ക് എത്തിച്ചേരാനുള്ള വഴി മാത്രമാണ്‌ ഇൻട്രൊഡക്ഷനും റിവ്യുവും മെത്തഡോളജിയുടെ ആദ്യഭാഗവും. ഗവേഷകന്റെ ഗവേഷണഫലത്തിനുവേണ്ട പശ്ചാത്തലവും സാംഗത്യവും സൃഷ്ടിക്കുകയാണ്‌ ഈ ഭാഗങ്ങളുടെ ഉദ്ദേശ്യം. ആ ഭാഗത്ത് മറ്റുസിദ്ധാന്തങ്ങളെയും ഗവേഷണങ്ങളെയും ഉദ്ധരിക്കാം, ഉദ്ധരിച്ചേ മതിയാവൂ. അതു ചെയ്യുമ്പോൾ ഗവേഷകർ അത് പ്രബന്ധത്തിനുള്ളിൽ പരാമർശിക്കും. ഇത് പ്രബന്ധത്തിന്‌ ആധികാരികത വരുത്തുന്നതിനാണ്‌. അങ്ങനെ പരാമർശിച്ച എല്ല രചനകളുടെയും വിശദാംശങ്ങൾ പ്രബന്ധത്തിനൊടുവിൽ നല്കുകയും ചെയ്യും.  അതുകൊണ്ടാണ്‌ പല പ്രബന്ധങ്ങളിലും  പേജുകളോളം റെഫറൻസ് (ഗ്രന്ഥസൂചി) ഉണ്ടാവുന്നത്.
പ്ളെയ്ജറിസവും സോഫ്റ്റ് വെയറും
ഇങ്ങനെ പരാമർശിക്കുമ്പോൾ സൂചിതരചനകളുമായി എത്രത്തോളം സാമ്യം വരാം, ഉദ്ധരണികൾ എത്രത്തോളമാകാം എന്നെല്ലാമാണ്‌ അടുത്ത ചോദ്യം. ഇതു സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ കർശനമായി നിലവിൽ വന്നുതുടങ്ങിയിട്ട് അധികകാലമായില്ല. ഇപ്പോഴത്തെ പാശ്ചാത്യമാനദണ്ഡങ്ങൾ അനുസരിച്ച് ഒരു വാചകം അതേപടി എടുത്തെഴുതുന്നതോ സമാനമായ അർത്ഥം വരുന്ന രീതിയിലെഴുതുന്നതോ ഒഴിവാക്കപ്പെടേണ്ടതാണ്‌. ഗവേഷണത്തിനും ഗവേഷണപ്രബന്ധങ്ങൾക്കും കർക്കശമായ നിബന്ധനകളുള്ള പാശ്ചാത്യ അക്കാദമിക് ലോകത്ത് ഇതടക്കം എല്ലാത്തരം സാമ്യങ്ങളും കണ്ടെത്താൻ സഹയിക്കുന്ന സോഫ്റ്റ് വെയറുകൾ (ആന്റി പ്ളെയ്ജിയറിസം സോഫ്റ്റ് വെയറുകൾ) നിലവിൽ വന്നിട്ടുണ്ട്. ടേൺ ഇറ്റ് ഇൻ, ഐതെന്റികേറ്റ് തുടങ്ങിയവയാണ്‌ ഇവയിൽ പ്രധാനം. (മൂലഗ്രന്ഥത്തിന്റെ സൂചന നല്കാതെ  സ്വന്തമെന്ന മട്ടിൽ മറ്റുള്ളവരുടെ ആശയങ്ങളോ രചനകളോ എടുത്തുചേർക്കുന്നതാണ്‌ പ്ളെയ്ജറിസം.) ഇതുവരെ പ്രസിദ്ധീകൃതമായ രചനകൾ ഈ സോഫ്റ്റ് വെയറുകളുടെ ഡേറ്റാബേസിലുണ്ടാവും. അവയുമായി എത്രത്തോളം സാമ്യമുണ്ട് എന്നതിന്‌ ചില ഏകകങ്ങൾ നമുക്കു ലഭിക്കും (ഉദാ: സിമിലാരിറ്റി ഇൻഡെക്സ്). മുൻരചനകളിലെ പദസമുച്ചയങ്ങൾ ആവർത്തിച്ചിട്ടുണ്ടെങ്കിൽ സോഫ്റ്റ് വെയറുകൾ അതു കാണിക്കും. ഭാഷാശേഷിയുള്ളവർ ഈ പദങ്ങളുടെ ഓർഡർ തിരുത്തി ഈ പ്രശ്നം പരിഹരിച്ച് (സോഫ്റ്റ് വെയറിനെ പറ്റിച്ച്) സിമിലാരിറ്റി ഇൻഡെക്സ് കുറച്ചെടുക്കും. അല്ലെങ്കിൽ,കമ്പ്യൂട്ടറുപയോഗിച്ച് ഒറിജിനൽ വാക്കുകൾക്കു പകരം പര്യായങ്ങൾ എഴുതിവെയ്ക്കും. ഇത്തരത്തിൽ സാമർത്ഥ്യമുള്ളവർക്ക് ഗവേഷണഫലമടക്കം പദങ്ങൾ മാറ്റി ‘ഒറിജിനൽ’ ആക്കി അവതരിപ്പിക്കാൻ പറ്റും. അതുകൊണ്ടുതന്നെ, പ്ളെയ്ജറിസം സോഫ്റ്റ് വെയറുകൾ അടുത്തകാലത്തായി വിമർശനങ്ങൾ നേരിട്ടുതുടങ്ങിയിട്ടുമുണ്ട്. മോഷണം തടയാനല്ല, പിടിക്കപ്പെടാതെ മോഷ്ടിക്കുന്നതെങ്ങനെ എന്നു പഠിപ്പിക്കാനാണ്‌  ഈ സോഫ്റ്റ് വെയറുകൾ ഉപകരിക്കുന്നതെന്നാണ്‌ ആരോപണം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആന്റിപ്ളെയ്ജറിസം  സോഫ്റ്റ് വെയറുകൾ കരുതലോടെ മാത്രമേ പാശ്ചാത്യ അക്കാദമിക് ലോകം പോലും ഉപയോഗിക്കാറുള്ളൂ. വിദ്യാർത്ഥികളുടെ അസൈന്മെന്റുകൾ ചെക്ക് ചെയ്യുകയാണ്‌ ഈ സോഫ്റ്റ് വെയറുകളുടെ പ്രധാന പണി. ‘എതിക്കൽ പാരഫ്രേസിങ്ങ്’ നടത്താൻ അവരെ പരിശീലിപ്പിക്കുകയാണ്‌ സോഫ്റ്റ് വെയറുകളുടെ പ്രാഥമികമായ ഉപയോഗം.
‘മോഷണം’ കണ്ടുപിടിക്കാൻ സോഫ്റ്റ് വെയർ സ്കോർ മാത്രം പോരാ.  അതിന്റെ വിശകലനവും വേണം. സ്കോറുകൾക്ക് ആപേക്ഷികമായ അർത്ഥം മാത്രമേയുള്ളൂ. ഏത് അധ്യായത്തിൽ വന്നു എന്നതാണ്‌ ഏറ്റവും പ്രധാന മാനദണ്ഡം. റിവ്യു ഒഫ് ലിറ്ററേച്ചറിൽ വന്ന  പദസാമ്യം പോലെയാകില്ല, ഗവേഷണഫലം പറയുന്ന അധ്യായത്തിൽ വന്ന സാമ്യം. അതുപോലെതന്നെ, പദസാമ്യത്തിനപ്പുറത്ത് ആശയസാമ്യം കണ്ടെത്താൻ സോഫ്റ്റ് വെയർ മതിയാവുകയുമില്ല. ഇന്ത്യയിലെ ചുരുക്കം ചില ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളേ ഈ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുതുടങ്ങിയിട്ടുള്ളൂ. അവിടെ പലയിടത്തും പ്രബന്ധം സമർപ്പിക്കുമ്പോൾ സോഫ്റ്റ് വെയറിലെ ചെക്കിനു വിധേയമാക്കണം. മൊത്തം (അധ്യായം തിരിച്ചല്ല) പ്രബന്ധത്തിന്റെ സിമിലാരിറ്റി ഇൻഡെക്സ് 30% ശതമാനത്തേക്കാൾ കൂടുതൽ ആണെങ്കിൽ തിരുത്തലുകൾ വരുത്തണമെന്നാണ്‌ ഒരു പ്രമുഖ കേന്ദ്രസർവ്വകലാശാലയിലെ നിബന്ധന (-സോഫ്റ്റ് വെയറിനെ പറ്റിക്കുന്നതുതന്നെ). ഏതായാലും ഇന്ത്യയിലെ പല പ്രമുഖ സ്ഥാപനങ്ങളിലും- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാഷണൽ ഇംപോർട്ടൻസ് പദവി ഉള്ളവയിലടക്കം- ഈ സോഫ്റ്റ്വെയറുകളുടെ ഉപയോഗം പ്രാബല്യത്തിലായിട്ടില്ല. ഡോ.വീരമണികണ്ഠൻ ഗവേഷണം നടത്തിയ കാലിക്കറ്റ് സർവകലാശാലടയടക്കം കേരളത്തിലെ ഒരു സർവകലാശാലയും ഈ ദിശയിൽ ചിന്തിച്ചുതുടങ്ങിയിട്ടുള്ളതായി അറിവില്ല.
 ഡോ. വീരമണികണ്ഠൻ ഗവേഷണമോഷണം നടത്തിയെന്ന ആരോപണത്തെ ഈ വിവരങ്ങളുടെ പശ്ചാത്തലത്തിൽ ഒന്നു പരിശോധിച്ചുനോക്കുക.
ഡോ. ഛദ്ദയുടെ റിപ്പോർട്ട്
ഡോ. വീരമണികണ്ഠന്റെ പ്രബന്ധം പരിശോധിച്ച ഡോ. ഛദ്ദയുടെ റിപ്പോർട്ട് ആയി പത്രങ്ങളിൽ ഒരു പേപ്പർ പ്രചരിച്ചിരുന്നു. പ്രബന്ധത്തിന്റെ വിവിധ അധ്യായങ്ങളിൽ പ്ലെയ്ജി പ്ളെയ്ജറിസം കണ്ടെത്തിയിട്ടുണ്ടെന്നു പറഞ്ഞിട്ട്‌, ഏതെല്ലാം അധ്യായങ്ങളിൽ എന്ന്‌ എടുത്തെഴുതിയിരിക്കുന്നു  ഡോ. ഛദ്ദ. ആമുഖാധ്യായത്തിലെ സാമ്യം (സിമിലാരിറ്റി ഇൻഡെക്സ്‌) 60% ആണ്‌. ബന്ധപ്പെട്ട പഠനങ്ങളുടെ വിശകലനത്തിലെ സാമ്യം 63% ആണ്‌. രീതിശാസ്ത്രത്തിലെ സാമ്യം 53% ആണ്‌. ഇത് വേരിയബ്ൾസിന്റെ വിവരണത്തിലാണോ ഡിസൈനിലാണോ നടപടിക്രമത്തിലാണോ എന്നു വ്യക്തമല്ല. ഓരോ ഭാഗത്തെ സാമ്യത്തിനും വെവ്വേറെ സാംഗത്യമാണ്‌.
ഇനിയുള്ള കണ്ടെത്തലും പ്രധാനമാണ്‌. ഗവേഷണഫലവും വിശകലനവും സംബന്ധിച്ച അധ്യായം (എന്നുവച്ചാൽ, പ്രബന്ധത്തിന്റെ ഹൃദയഭാഗം) ഗവേഷകൻ ഒറിജിനൽ ആയി എഴുതിയതു തന്നെ എന്നു ഛദ്ദ. സാമ്യം വെറും 7%.
പ്രബന്ധത്തിന്റെ ചുരുക്കമായ സിനോപ്സിസിന്റെ സാമ്യം 17% ആണ്‌; അത്‌ ഡെൽഹി സർവകലാശാലയിൽ ഒരു വിദ്യാർത്ഥി സമർപ്പിച്ച പേപ്പറിനോടാണ്‌.
വിചിത്രമായ ഒരു കാര്യം പ്രൊഫെസ്സർ ഛദ്ദയുടെ റിപ്പോർട്ടിന്‌ ഒരു കൺക്ലൂഷൻ എഴുതിക്കാണുന്നില്ല. പത്രങ്ങൾ തരുന്ന വിവരം വെച്ച് ഒരു കൺക്ളൂഷൻ നമ്മൾ ഉണ്ടാക്കി നോക്കേണ്ടിവരും. ശരി, നോക്കാം.
ആമുഖത്തിലും റിവ്യൂവിലും ഉള്ള സിദ്ധാന്തങ്ങളും പഠനങ്ങളും ഗവേഷകന്‌ സ്വന്തമായി ആവിഷ്കരിക്കാൻ വയ്യാത്തതിനാൽ സാമ്യമുണ്ടാവുക സ്വാഭാവികം. (ഐതെന്റികേറ്റ് അടക്കമുള്ള സൊഫ്റ്റ് വെയറുകൾ അവരുടെ വിശദീകരണക്കുറിപ്പുകളിൽതന്നെ ഇക്കാര്യം ഓർമ്മിപ്പിക്കാറുണ്ട്.) മൂലഗ്രന്ഥങ്ങളുടെ സൂചനകൾ പ്രബന്ധത്തിനകത്തും വിശദവിവരങ്ങൾ ഗ്രന്ഥസൂചിയിലും കൊടുത്തിട്ടുണ്ട് എന്നാണ്‌ ഡോ. വീരമണികണ്ഠൻ ആവർത്തിക്കുന്നത്. അതായത് രചനകൾക്ക് കടപ്പാട് നല്കുക എന്ന, ഗവേഷണറിപ്പോർട്ടുകളിലെ അംഗീകൃതമായ പൊതുരീതി പിന്തുടർന്നിട്ടുണ്ട് എന്നർത്ഥം.  എന്നിരുന്നാലും ഒരുപരിധിക്കപ്പുറമുള്ള സിമിലാരിറ്റി ഇൻഡെക്സ് ആശാസ്യമല്ല. ഇത് പദസാമ്യംകൊണ്ടോ പരാവർത്തനത്തിലെ സമാനത കൊണ്ടോ അതേപടി പകർത്തിയതുകൊണ്ടോ ആകാം. കർക്കശമായ ഗവേഷണമാനദണ്ഡങ്ങൾ പുലർത്തുന്ന പാശ്ചാത്യരീതിയനുസരിച്ച് ഇത് പ്ളേയ്ജിറിസം തന്നെയായേക്കും. പക്ഷേ, ഇതൊന്നും ഗവേഷണഫലം പ്രതിപാദിക്കുന്ന ഭാഗത്തല്ല എന്നതും അതുപോലെതന്നെ പ്രസക്തമായ മറുവാദമാണ്‌. അങ്ങനെയെങ്കിൽ പിന്നെ നോക്കേണ്ടത് ഗവേഷണറിപ്പോർടിന്റെ പ്രധാനഭാഗം ആണ്‌ - ഗവേഷണഫലവും അതിന്റെ വിശകലനവും നിഗമനങ്ങളും. ഇവ ഒറിജിനൽ ആണെന്നു സോഫ്റ്റ്വെയർ കണ്ടെത്തി. (എന്നുപറഞ്ഞാൽ പദസാമ്യം ഇല്ല എന്ന് അർത്ഥം). സുപ്രധാനമായ ഈ കണ്ടെത്തൽ പക്ഷേ അപ്രധാനമായ മറ്റു യാന്ത്രികകണ്ടെത്തലുകൾക്കിടയിലെ മറ്റൊരു കണ്ടെത്തൽ മാത്രമായി മുങ്ങിപ്പോയി. കാരണം, മുൻപറഞ്ഞ പ്രകാരം സോഫ്റ്റ്‌ വെയർ സാമ്യം കണ്ടുപിടിക്കാനുള്ള ഒരു സാങ്കേതിക, യാന്ത്രിക സംവിധാനം ആണ്‌. ഈ യാന്ത്രികതയുടെ ആഴം മനസ്സിലാവുന്നത്‌ സിനോപ്സിസിലെ സാമ്യത്തെക്കുറിച്ചു പറയുമ്പോഴാണ്‌. ഗവേഷണഫലം ഒറിജിനൽ. പക്ഷേ പ്രബന്ധത്തിന്റെ സംക്ഷിപ്തത്തിൽ സാമ്യം. അതും, ഒരു വിദ്യാർത്ഥി ഡെൽഹി സർവകലാശാലക്കു സമർപ്പിച്ച പേപ്പറിൽ. അതു പ്രസിദ്ധീകൃതമാണെന്നു പറയുന്നില്ല. (ഏതു വർഷം സമർപ്പിച്ചതെന്നും പറയുന്നില്ല.) അപ്പോൾ പിന്നെ എങ്ങനെ ഗവേഷകൻ ആ പേപ്പർ വായിച്ചു? ഒറിജിനൽ ഗവേഷണം നടത്തിയ ഒരു ഗവേഷകൻ അതേ ഗവേഷണത്തിന്റെ ചുരുക്കം മറ്റൊരു സർവകലാശാലയിലെ ഏതോ ഒരു വിദ്യാർത്ഥിയുടെ പേപ്പർ കോപ്പിയടിച്ചെഴുതി എന്ന ധ്വനിയാണ്‌ അന്ധമായ സോഫ്റ്റ്‌ വെയർ അധിഷ്ടിത വിശകലനത്തിന്റെ അസംബന്ധം. ശരി. ഇതെല്ലാം കഴിഞ്ഞിട്ടും സാമ്യം ഉണ്ടെങ്കിൽതന്നെ അതു വെറും 17%. അപ്രധാനം എന്നു തീർത്തു പറയാം. സോഫ്റ്റ്‌ വെയർ നിഗമനങ്ങൾ തരാത്ത യാന്ത്രിക സംവിധാനം ആയതിനാൽ അതുമൊരു കണ്ടുപിടുത്തം ആയി!
ചില പത്രങ്ങൾ ഗവേഷണപ്രബന്ധം വായിക്കുന്ന വിധം
സോഫ്റ്റ്വെയർ ഒരു യാന്ത്രികസംവിധാനമാണെങ്കിൽ പത്രങ്ങൾ വിവേചനബോധമുള്ള  സോദ്ദേശ്യ സംവിധാനമാണല്ലോ. അതുകൊണ്ട് അവയിൽ ചിലത് റിപ്പോർട്ടിനെക്കുറിച്ചെഴുതിയപ്പോൾ ആവേശം കൊണ്ടു. ഗവേഷണഫലത്തെക്കുറിച്ചുള്ള പരാമർശം അപ്രാധാന്യത്തിന്റെ ആഴങ്ങളിലേക്ക് അപ്രത്യക്ഷമായി. മോഷണം, കോപ്പിയടി തുടങ്ങിയ വിശേഷണങ്ങൾ എമ്പാടും വന്നുകയറി. ഗവേഷണറിപ്പോർട്ടിലെ പദസാമ്യം ചില പത്രങ്ങളിൽ ‘ഗവേഷണഫലത്തിന്റെ കോപ്പിയടി’ ആയി മാറി. റിവ്യൂ എന്ന അധ്യായത്തിലെ 63% പദസാമ്യം ‘(മൊത്തം) പ്രബന്ധത്തിലെ 63 ശതമാനവും കോപ്പി’ എന്നായി മാറി. ലെഹ്റർ എന്ന ഗവേഷകന്റെ ഒരു പേപ്പറിൽനിന്നുള്ള ഭാഗങ്ങൾ റിവ്യൂവിൽ ചേർത്തു എന്നത് ‘ലെഹ്ററുടെ ഗവേഷണഫലം തന്റേതെന്ന മട്ടിൽ ചേർത്തു’ എന്നായി. അങ്ങനെ ‘ഗവേഷണഫലം കോപ്പിയടിച്ചു’, ‘ലെഹെററുടെ ഗവേഷണഫലം തന്റേതെന്ന മട്ടിൽ ഉൾപ്പെടുത്തി’, ‘പ്രബന്ധത്തിലെ അറുപതു ശതമാനത്തിലധികം മോഷണം’, ‘പ്രബന്ധത്തിലെ പ്രധാനഭാഗം കോപ്പിയടിച്ചു’ എന്നെല്ലാം അച്ചുനിരന്നു. (ഉദ്ധരിച്ച കണ്ടെത്തലുകളുടെയെല്ലാം കോപ്പിറൈറ്റ് ഒരേ പത്രത്തിന്റേത്: തിയതികൾ നവംബർ 21, 22, 24 എന്നിങ്ങനെ - വെർബറ്റിം കോപ്പി.) പലതവണ അച്ചുനിരത്തി ഒടുവിൽ ‘ഗവേഷണപ്രബന്ധം കോപ്പിയടിയാണെന്ന കണ്ടെത്തൽ...’ എന്ന ഒറ്റയച്ചാണ്‌ കുറച്ചുനാളായി പ്രസ്തുതപത്രം ഉപയോഗിക്കുന്നത്. വന്നുവന്ന് ഒരു സെനറ്റ് മെംബർക്കെതിരെ നടപടിയെടുക്കാൻ ഗവർണർ നിർദ്ദേശിച്ച വാർത്തയുടെ ഡിടിപി ചെയ്യുമ്പോൾ പോലും ഈ പത്രത്തിൽമാത്രം കീബോർഡ് വഴങ്ങുന്നില്ലെന്നു തോന്നുന്നു. പഴയ ഒറ്റയച്ചുതന്നെയാണ്‌ പകരം കേറിവരുന്നത്. (ഡിസംബർ 1).
ഗവേഷണമോഷണമോ?
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ‘ഗവേഷണഫലം’ ‘കോപ്പിയടിച്ച’ അനേകം വാർത്തകൾ ഇന്ത്യക്കകത്തുനിന്നുതന്നെ ഉണ്ടായിട്ടുണ്ട്‌. അതിൽനിന്നെല്ലാം വ്യത്യസ്ഥമാണ്‌ ഈ പ്രബന്ധത്തിന്റെ കാര്യം. ഇതിൽ വേറെ ആരുടെ എങ്കിലും ഗവേഷണഫലം കോപ്പി ചെയ്തതായി തെളിഞ്ഞിട്ടില്ല. ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞതുവച്ച്‌ ആമുഖം പോലുള്ള താരതമ്യേന സാംഗത്യം കുറഞ്ഞ അധ്യായങ്ങളിൽ മറ്റു പ്രസിദ്ധീകരണങ്ങളുമായി സാമ്യം ഉണ്ടെന്നു മാത്രമാണു തെളിഞ്ഞിട്ടുള്ളത്‌.  നിലവിൽ ഇത്തരം സാമ്യം കണ്ടെത്താനുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ പ്രയോഗിച്ചു തുടങ്ങുന്നതേയുള്ളൂ. സമാനമായ പരാവർത്തനം പോലും അക്കാദമിക്‌ മോഷണമായി കരുതുന്ന പാശ്ചാത്യ അക്കാദമികലോകം ഇംഗ്ലീഷ്‌ ഒന്നാംഭാഷയായി ഉപയോഗിക്കുന്നവർക്കുവേണ്ടി ഉണ്ടാക്കിയ ഒരു സോഫ്റ്റ്‌ വെയറിനെ മാത്രം ആശ്രയിച്ച്‌ ഗവേഷണമോഷണത്തെ നിർവചിക്കാൻ ഇറങ്ങുന്നതു ഉചിതമാണോ എന്നു സംശയം. ലേഹ്റെരുടെ കയ്യിൽനിന്നു വാങ്ങിയെടുത്ത ‘പരാതി’ക്ക് ആധാരമായ റിവ്യൂ ഒഫ് ലിറ്റെറേചറിലെ ‘പ്ളേയ്ജറിസം’ പോലും റിപ്പോർട്ടെഴുത്തിലെ കാർക്കശ്യമില്ലായ്മക്കോ അശ്രദ്ധയ്ക്കോ അപ്പുറത്തേക്കു പോയേക്കില്ല. അത് എന്തെങ്കിലും തെളിയിക്കുന്നുണ്ട് എങ്കിൽ ഗവേഷണപ്രബന്ധരചനയിൽ ഇന്ത്യൻ യൂനിവെഴ്സിറ്റികൾ കാണിക്കുന്ന അലംഭാവത്തെ മാത്രമാണ്‌. അല്ലാതെ ഗവേഷണമോഷണത്തെയല്ല. അത് റിപ്പോർട്ടിന്റെ ഗുണം സംബന്ധിച്ച വിഷയം ആണ്‌. റിപ്പോർട്ടിനാധാരമായ ഗവേഷണഫലത്തിന്റെ മൗലികത സംബന്ധിച്ച വിഷയമേയല്ല. ഗവേഷണഫലത്തിന്റെ  (result/ finding) ഗുണത്തെ സംബന്ധിച്ചു പോലും അത് ഒന്നും പറയുന്നില്ല. പ്ളേയ്ജിറിസം ചെക്കിൽ കടന്നുകൂടി എന്നതുകൊണ്ടു മാത്രം ഒരു ശാസ്ത്രപ്രബന്ധം നല്ലതാവണമെന്നില്ല. റിപ്പോർട്ടിലെ പ്രമാദങ്ങൾ കൊണ്ടുമാത്രം നല്ലൊരു ഗവേഷണം അമ്പേ മോശമാവുകയുമില്ല. ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്ത എത്ര പ്രബന്ധങ്ങൾ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ഇറങ്ങുന്നുണ്ട് എന്നത് പാടേ വ്യത്യസ്ഥമായ മറ്റൊരു വിഷയം ആ ണെങ്കിലും ആലോചിക്കേണ്ടതുതന്നെയാണ്‌.

ഇതുവരെയുള്ള റിപ്പോർടുകളിൽനിന്നു മനസ്സിലാവുന്നതിതാണ്‌- ഗവേഷണഫലം എഴുതിയിരിക്കുന്ന ഭാഗം മൗലികം ആണ്‌. ഗവേഷണത്തിന്റെ ആശയത്തിലോ, ഡേറ്റയിലോ, നിഗമനങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള മോഷണം ഉള്ളതായി ആരും പറഞ്ഞിട്ടില്ല. പ്ളേയ്ജിറിസം സംബന്ധിച്ച ആരോപണങ്ങൾ റിപ്പോർടിലെ വാക്കുകളുടെ സാമ്യവുമായി ബന്ധപ്പെട്ട കാര്യമാണ്‌. 
ചുരുക്കിപ്പറഞ്ഞാൽ, ഈ സംഭവം ഗവേഷണമോഷണം അല്ല. പ്രബന്ധത്തിലെ വാക്കുകളിലെ സാമ്യം ആണ്‌. ഇതുരണ്ടും ഒന്നല്ല. ഗവേഷണറിപ്പോർടിൽ പാശ്ചാത്യനാടുകളിലേതിനു സമാനമായ കാർക്കശ്യം (റിഗർ) ഇല്ലാത്തതിനെ ആണ്‌ ഗവേഷണമോഷണമായി ചിലർ (ചില പത്രങ്ങളും) ആരോപിച്ചത്. പ്രബന്ധത്തിന്റെ മുഖ്യഭാഗം മോഷ്ടിച്ചു എന്ന്‌ എഴുതുന്ന പത്രങ്ങൾ ഒന്നുകിൽ കാര്യമറിയാതെ ഭാവനക്ക് അനുസരിച്ച് എഴുതിവിടുന്നതാണ്‌ അല്ലെങ്കിൽ മറ്റെന്തോ ലക്ഷ്യംവച്ച്‌ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ മന:പൂർവമെഴുതുന്നതാണ്‌. ഈയിടെ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ കാണുമ്പോൾ ഇതു വെറും ഭാവനമാത്രമാണോ അതോ ആരുടെയൊക്കെയോ താല്പര്യത്തിൽ ശത്രുനിഗ്രഹത്തിനായുള്ള സോദ്ദേശ്യസാഹിത്യം ആണോ എന്ന സംശയമുയരുന്നുണ്ട്.

വാൽക്കഷണം: വീരമണികണ്ഠന്റെ ഗവേഷണബിരുദം സർവകലാശാല തിരിച്ചുവാങ്ങിയേക്കും എന്നാണല്ലോ ചില പത്രങ്ങളുടെ ‘റിപ്പോർട്ട്‌’ (എന്നഭാവത്തിൽ വേഷം മാറിയെത്തുന്ന സമ്മർദ്ദം). അതെങ്ങാനും സഫലീകരിക്കുകയാണെങ്കിൽ നാളെമുതൽ സർവകലാശാലകളിൽ ശത്രുനിഗ്രഹത്തിനുള്ള നവീനായുധം തയ്യാറാകും. സഹാധ്യാപകന്‌/ എതിർ സംഘടനക്കാരന്‌/ സീനിയർ പ്രൊഫെസ്സർക്ക്‌ ഒക്കെ ‘പണികൊടുക്കാൻ’ ഏറ്റവും പറ്റിയ മാർഗം- ഗവേഷണബിരുദം കിട്ടിയശേഷം എഴുതിയ ആൾപോലും തുറന്നുനോക്കാത്ത പ്രബന്ധം തപ്പിയെടുക്കുക; സോഫ്റ്റ്‌ വെയറിലിടുക: അറുപതോ എഴുപതോ ശതമാനം സാമ്യം കിട്ടുമെന്നകാര്യം മൂന്നു തരം. കോപ്പിയടി പിടിച്ചേ എന്നാക്രോശിച്ച്‌, പത്രസമേതം പരാതികൊടുക്കുക. ബാക്കി സിൻഡിക്കേറ്റ്‌ നോക്കിക്കോളും.
സിൻഡിക്കേറ്റ്‌ ഇനി മുതൽ എല്ലാ ദിവസവും കൂടേണ്ടിവരും. അത്രയ്ക്കുണ്ട്‌ നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിലവിലുള്ള പരസ്പരസ്നേഹം. ഏതായാലും ഇനി കുറെ പ്രബന്ധങ്ങളെങ്കിലും കൂലങ്കഷമായി വായിക്കപ്പെടും.