മൂന്നു വയസ്സുള്ള ഒരു കുട്ടി ദിവസം ശരാശരി മുന്നൂറു ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നും സ്കൂളില്‍ പോയിത്തുടങ്ങി മൂന്നു വര്‍ഷം കഴിയുമ്പോഴേക്കും ചോദ്യങ്ങള്‍ ദിവസേന പത്തെന്ന കണക്കിലേക്ക് ചുരുങ്ങുന്നുവെന്നും പണ്ടാരോ എഴുതിയിട്ടുണ്ട്. ഡേറ്റ കളക്ഷന്‍ നടത്തി പഠിച്ചതൊന്നുമാവല്ലെങ്കിലും ആ കണക്കില്‍ കുറച്ചധികം കാര്യമുണ്ട്.
കുട്ടികളുടെ സംസാരത്തെക്കുറിച്ച് ഏറ്റവുമധികം പഠിച്ച ശാസ്ത്രജ്ഞന് ജീന്‍ പിയാഷേ ആയിരിക്കും. മനശ്ശാസ്ത്രത്തില്‍ മാത്രമല്ല, ലോകത്തുള്ള മിക്കവാറും എല്ലാ വിഷയങ്ങളിലും അവഗാഹമുണ്ടായിരുന്ന പ്രതിഭാശലിയായിരുന്നു, പിയാഷെ. പത്തു വയസ്സായപ്പോഴേക്കും സയണ്റ്റിഫിക് പേപ്പറുകള്‍ എഴുതിത്തുടങ്ങിയ കക്ഷി. അങ്ങനെയൊരാള്‍ പത്തന്പതു വര്‍ഷം കുട്ടികളെ നിരീക്ഷിച്ചു പഠിക്കുകയും അതൊരു പത്തറുപതു പുസ്തകങ്ങളിലായി എഴുതിവയ്ക്കുകയും ചെയ്താല്‍ എങ്ങനെയിരിക്കുമോ അതാണ് പിയാഷെയുടെ സംഭാവന. കുട്ടികള്‍ ചിന്തിക്കുന്നത് മുതിര്‍ന്നവര്‍ ചിന്തിക്കുന്നതുപോലെയല്ലെന്നും അതു പാടേ വ്യത്യാസമുള്ള രീതിയില്‍ ആണെന്നും പിയാഷെ പറഞ്ഞു. അതായത്, കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ ഗ്രഹണശേഷി കുറഞ്ഞവരാണെന്ന ധാരണ തെറ്റാണ്; മറിച്ച് അവര്‍ ഗ്രഹിക്കുന്നത് മുതിര്ന്നവരെപ്പോലെയേയല്ല എന്ന്. ഒരു നിശ്ചിത ഓഡര്‍ അനുസരിച്ചാണ് കുട്ടികളുടെ ചിന്താരീതി മാറിവരുന്നതെന്നും പിയാഷെ മനസ്സിലാക്കി. കുട്ടികളുടെയോ മുതിര്‍ന്നവരുടെയോ ചിന്തകളേപ്പറ്റി മനസ്സാസ്ത്രം പഠിച്ചുതുടങ്ങിയിട്ടില്ലാത്ത കാലത്താണ് പിയാഷെയുടെ പഠനങ്ങള്‍ തുടര്‍ച്ചയായി വരുന്നത്.
കോഗ്നിറ്റീവ് സൈക്കോളജി, ഡെവലപ്മെണ്റ്റല് സൈക്കോളജി തുടങ്ങിയ മനശാസ്ത്രശാഖകളൊന്നും അന്ന് നിലവിലില്ല. കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സിനെക്കുറിച്ച് ഇന്നു നാമറിയുന്ന പല കാര്യങ്ങളും പറഞ്ഞുതന്നത് പിയാഷെയാണ്. നമ്മള് മുതിര്‍ന്നവര്‍ എപ്പേഴും കുട്ടികളുടെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികള്‍ എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ നമ്മള് ശ്രമിക്കാറില്ല. കുട്ടികള്‍ സമയത്തെ, വസ്തുക്കളെ, വാക്കിനെ ഒക്കെ മനസ്സിലാക്കുന്നത് മുതിര്‍ന്നവര്‍ മനസ്സിലാക്കുന്നതു പോലെയേയല്ല. ഓരോ പ്രായത്തിലും ഈ മനസ്സിലാക്കലുകള്‍ മാറിവരും. അതായത്, ചിന്താശൈലികള്‍ക്ക് പ്രായവുമായി നല്ല ബന്ധമുണ്ട്.വികാസത്തിനനുസരിച്ചേ ചിന്താശൈലി മാറിവരൂ. അല്ലാതെ, നാലാം വയസ്സില്‍ ഗുണനപ്പട്ടിക പഠിപ്പിക്കാന്‍ നമുക്കും അധ്യാപകര്‍ക്കും ആഗ്രഹമുണ്ടായാലും കുട്ടിയ്ക്കത് മനസ്സിലായെന്നുവരില്ല. നാലാം വയസ്സിലുള്ള അപാരമായ ഓര്മശക്തിവച്ച് കുട്ടി പട്ടിക കാണാപ്പാഠം പഠിച്ചെന്നു വരും. പക്ഷെ, ഗുണനത്തിന്റെ യുക്തി മനസ്സിലാകണമെങ്കില്‍ മിക്കവാറും കുട്ടികള്‍ക്ക് ഏഴുവയസ്സെങ്കിലുമാകേണ്ടിവരും.
പിയാഷെ നിരന്തരം നിരീക്ഷിച്ചുപഠിച്ചുകൊണ്ടിരുന്നത് തന്റെ തന്നെ മൂന്നു മക്കളെയാണ്. ഒരു ഡിസിന്റെറസ്റ്റഡ് ഗവേഷകനായിരിക്കാന് ഒരു അച്ഛന് എങ്ങനെ സാധിച്ചുവോ ആവോ..
സ്വന്തമായൊരു മകനുണ്ടായപ്പോള്‍, അവന്റെ ദൈനംദിന പരിപാടികള്‍ ഇടയ്ക്കൊക്കെ ഒരു അക്കാഡമിക് രസത്തിനുവേണ്ടി കുറിച്ചുവയ്ക്കണമെന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നു. മടിയുടെ കാര്യത്തിലുള്ള പരസ്പരമത്സരം മൂലം അവന് ഒന്നൊന്നര വയസ്സാകുന്നതുവരെ അതു നടന്നതേയില്ല. ഇടയ്ക്ക് മായ കമ്പ്യൂട്ടറില്‍ ഒരു ഡോക്യുമെന്റ തുറന്ന് ചിലതൊക്കെ കുറിച്ചുവച്ചുതുടങ്ങി. ഒരു ദിനം കമ്പ്യൂട്ടര്‍ ക്രാഷായതോടെ അതെല്ലാം പൊയ്പോയി. ഓര്‍മ്മ പരിതാപകരമായതുകൊണ്ട് പോയതെല്ലാം പോയി എന്നുകരുതാനേ പറ്റൂ. ഇപ്പോള്‍ അപ്പു ധാരാളം സംസാരിച്ചുതുടങ്ങിയിരിക്കുന്നു. കുറിച്ചുവയ്ക്കാന്‍ പറ്റിയ കാര്യങ്ങള്‍ ധാരാളം കിട്ടുന്നുണ്ട്. അതിനിടെ, പലരും തങ്ങളുടെ കുട്ടികളുടെ ഡയലോഗുകള്‍ ഗൂഗിള്‍ ബസ്സിലിടുന്നതു കാണുകകൂടി ചെയ്തപ്പോള്‍ അപ്പുവിന്റെ ചില സമകാലികപരിപാടികള് ഇവിടെ ഇടാം എന്നു കരുതി. പിയാഷെയുടെ കാര്യം ഒരു ഗമയ്ക്കു പറഞ്ഞെന്നേയുള്ളൂ. വായിക്കുന്നവര്‍ പിയാഷെയാര്, ഇവനാര് എന്നൊന്നും ചോദിച്ചുകളയല്ലേ..
സംഭാഷണങ്ങളിലെ കഥാപാത്രങ്ങള്‍ മൂന്നര വയസ്സുകാരന് അപ്പുവും അച്ഛന് /അമ്മയും.
******
-ഉറങ്ങാന്‍ പോവും മുമ്പെ കളിപ്പാട്ടങ്ങളൊക്കെ എടുത്തുവക്കണം. ഈ ബ്ളോക്സ് എന്താ എടുത്തുവക്കാത്തത്?
-അതു ഞാന്‍ പാലു കുടിച്ചു വന്നിട്ട് എടുത്തുവക്കാം.
-അതു പറ്റില്ല. ബ്ളോക്സ് എടുത്തുവച്ചിട്ടു പാലു കുടിച്ചാല്‍ മതി.
-പാലു കുടിച്ചുവന്നിട്ട് എടുത്തുവക്കാമെന്നേ..
-നോക്കൂ. ബ്ളോക്സ് എടുത്തുവച്ചാലേ പാലു തരൂ.
...
-അച്ഛനെന്താ ചെയ്യുന്നത്?
-ഞാനും കൂടാം നിന്റെ കൂടെ. ഈ കാര്‍ ഞാന്‍ എടുത്തുവയ്ക്കാം.
-അതു ശരി. കാര്‍ വേഗം എടുത്തുവയ്ക്ക്. കാര്‍ എടുത്തുവച്ചാലേ അച്ഛനു നാളെ രാവിലെ കട്ടന്‍ ചായ തരൂ.
****
-അച്ഛാ, ഞാന്‍ ഒരു വാവയായിരുന്നു.
-അതല്ലേ ഞാന്‍ നിന്നോട് പറയാറുണ്ടായിരുന്നത്. നീ സമ്മതിക്കാറില്ലല്ലോ. ഇപ്പോ എങ്ങനെ മനസ്സിലായി?
-കമ്പ്യൂട്ടറിലുണ്ട്. ഞാന്‍ കണ്ടു ഫോട്ടോ. കു..ഞ്..ഞ്ഞ്ഞ്ഞുവാവ..
-എടാ അച്ഛനും ഒരു വാവയായിരുന്നോ?
-അത്...(ആലോചിക്കുന്നു.).. അല്ല.
-അതെന്താ?
-അത് കമ്പ്യൂട്ടറിലില്ല.
-എന്ത്?
-അച്ഛന് വാവയായ ഫോട്ടോ.
****
-അമ്മേ, മുത്തശ്ശന് എപ്പഴാ വരിക?
-നാളെ.
(പിറ്റേന്ന്. )
-അമ്മേ, മുത്തശ്ശന് എപ്പഴാ വരിക?
-മുത്തശ്ശന് ഇന്നു വരും.
-ഇന്നാണോ നാളെ?
-നാളെയല്ലെടാ. ഇന്നാണു വരുന്നത്.
-ഇന്നോ? നാളെയാണോ ഇന്ന്?
-എടാ, ഇന്നലത്തെ നാളെയാണ് ഇന്ന്. (ചെക്കനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും..?)
-ഇന്നാണോ നാളെ? നാളെയാണോ ഇന്ന്? ഇന്നാണോ നാളെ? നാളെയാണോ ഇന്ന്? (സൈക്കിള്‍ ചവിട്ടി അടുത്ത റൂമിലേക്ക്. )
******
-രാവിലെയായോ?
-രാവിലെയോ? ഇപ്പോള്‍ വൈകുന്നേരമല്ലേ?
-രാവിലെയായോ?
-എടാ, ഇപ്പോള്‍ വൈകുന്നേരമാണ്. സന്ധ്യയായിക്കഴിഞ്ഞു.
-(ദേഷ്യത്തോടെ) രാവിലെയായോ?
-എടാ, നോക്കൂ. രാവിലെ കഴിഞ്ഞ്, ഉച്ചയും കഴിഞ്ഞ്, ഇപ്പോള്‍ സന്ധ്യ ആയി. കണ്ടില്ലേ, പുറത്തൊക്കെ ഇരുട്ടായിത്തുടങ്ങി.
-പക്ഷേ റൂമില്‍ രാവിലെയായല്ലോ.
-ഓ... അതാണോ.. അതു നമ്മള് വീടിനകത്ത് ലൈറ്റിട്ടതല്ലേ. അതാണോ നീ രാവിലെ എന്നു പറഞ്ഞത്? അച്ഛനു മനസ്സിലായില്ല.
-ഹ്.ം.ം.ം.
***
-അച്ഛാ കഥ പറയണം.
-ഇന്നെനിക്കു കഥയൊന്നും പറയാന്‍ വയ്യ. എനിക്കുറക്കം വരുന്നു.
-കഥ വേ...ണം.ം.ം.ം...
-ഇന്നു നമുക്കൊരു കാര്യം ചെയ്യാം. ഇന്ന് നീയൊരു കഥ പറയ്.
-എനിക്കറിയില്ല.
-നിനക്കറിയാം. നീ അച്ഛനോട് കഥ പറയാറുണ്ടല്ലോ.
-ഉം ം..... എന്നാ ശരി. (ആലോചിക്കുന്നു.) ഒരൂസം ഒരു ... ആടുണ്ടായിരുന്നു. ആടിന്റെ പേര്....ആടിന്റെ പേര്....
-ആടിന്റെ പേര്??
-ആടിന്റെ പേര്.. പാലക്കാട്.
-ആടിന്റെ പേര് പാലക്കാടോ? എടാ, പാലക്കാട് ഒരു സ്ഥലത്തിന്റെ പേരാ.
-അല്ല. ആടിന്റെ പേര് പാലക്കാട്. (ദേഷ്യം)
-എടാ, ആടിനൊക്കെ സാധാരണ വല്ല അമ്മുവെന്നോ കിങ്ങിണിയെന്നോ ഒക്കെയാണ് പേരിടുന്നത്.
-അല്ല. പറ്റില്ല. ആടിന്റെ പേര് പാലക്കാട്. (മൌനം.) ... (പെട്ടെന്ന്) ..അച്ഛന് കഥ പറയണം. !
-ആടിന്റെ പേര് പാലക്കാട്. നീ ബാക്കി കഥ പറ.
******
-ഞാനൊരു കഥ പറയാം.
-ശരി. കേള്‍ക്കട്ടെ.
-ഒരൂസം ഒരു സീബ്ര ഉണ്ടായിരുന്നു. സീബ്ര ഒരു മുട്ടയിട്ടു. അല്ലല്ല.. സീബ്ര മൂന്നു മുട്ടയിട്ടു.
-എവിടെ?
-സീബ്രെടെ കൂട്ടില്‍.
-അതെവിടെ?
-മരത്തിന്റെ മോളില്.
-ശരി. പോട്ടെ. എന്നിട്ട്?
-അപ്പോഴാണ് ഒരൂസം ഒരു ഡക്ക് വന്ന് സീബ്രെടെ കൂട്ടില്‍ മുട്ടയിട്ടു. സീബ്ര അറിയാതെ.
-അമ്പടാ. ഇത് ഇന്നലെ അമ്മൂമ്മ പറഞ്ഞുതന്ന കാക്കേടേം കുയിലിന്റേം കഥയല്ലേ?
-അല്ലല്ല. അതല്ല. ഇതു വേറെ കഥ. സീബ്റേടേം ഡക്കിന്റേം പിന്നെ... മാനിന്റേം കഥ.
-ശരി ശരി. പറയ്.
-ഉം.. എന്നിട്ട്.. ഡക്കു വന്ന് മുട്ടയിട്ടു. എന്നിട്ട് മാന്‍ വന്നു മൂന്നു മുട്ടയിട്ടു.
-എന്തിനാ ഇവരൊക്കെ മുട്ടയിടുന്നത്?
-അറിയില്ലേ, മുട്ടേന്നാണ് കുഞ്ഞുങ്ങളുണ്ടാകുന്നത്.
-എടാ, സീബ്റേം മാനുമൊന്നും മുട്ടയിടില്ല. അവരൊക്കെ മാമ്മത്സ് ആണ്. നമ്മളെപ്പോലെ. മനുഷ്യരെപ്പോലെ. മാമ്മത്സ് എന്താന്നു ഞാന്‍ പറഞ്ഞു തന്നിട്ടുണ്ടല്ലോ. മാമ്മത്സ് മുട്ടയിടില്ല. മാമ്മത്സിനു കുഞ്ഞുങ്ങള്‍ ഉണ്ടാവ്വ്വാ ചെയ്യുന്നത്.
-അല്ലല്ല. ഈ സീബ്ര മുട്ടയിടും.
-അതെന്താ?
-ഈ.. സീബ്ര മാത്രം മുട്ടയിടും. !
-ഓ, നീ പറയുന്നത് ഈ കഥയിലെ സീബ്ര മുട്ടയിടുന്ന സീബ്രയാണെന്നാണല്ലേ.. അമ്മയ്ക്ക് ആദ്യം മനസ്സിലായില്ല.
-ങ്..ഹാ... അതല്ലേ ഞാന്‍ പറഞ്ഞത്, ഈ കഥയിലെ സീബ്ര..
-ശരി. എന്നിട്ട്?
****
-നീ തനിയെ കഴിക്കൂ.
-ഞാന്‍ ചെറുതല്ലേ?
-ശരി. കുറച്ചുകൂടി വലുതാവുമ്പോള്‍ നീ തനിയെ കഴിക്കണം.
-വലുതാവട്ടെ. അപ്പോ കഴിക്കാം.
....
-ഇതേതാ ഈ നീല സ്ളിപ്പര്‍?
-അത് എന്റെ പുതിയ സ്ളിപ്പറാണ്. അച്ഛന് ഇന്നു വാങ്ങിക്കൊണ്ടുവന്നതാണ്.
-ഇതു പഴയതാവുമ്പോ ഞാന്‍ അമ്മയ്ക്കൊരു മഞ്ഞ സ്ളിപ്പര്‍ വാങ്ങിത്തരാം.
-ശരി.
-ഞാന്‍ വലുതാവുമ്പോ ഞാന്‍ ബൈക്ക് ഓടിക്കും.. അച്ഛനെപ്പോലെ. അമ്മയെ ബൈക്കിന്റെ പിന്നിലിരുത്തി ഓടിക്കും ഞാന്‍ .. ര്ം..ം..ം..ര്ം.ര്ം.ം. ം
********
(പിയാഷെ മാത്രമല്ല, ചിലപ്പോഴൊക്കെ ഫ്രോയ്ഡും വന്നുകയറുന്നുണ്ട്..!)
(പിയാഷെ മാത്രമല്ല, ചിലപ്പോഴൊക്കെ ഫ്രോയ്ഡും വന്നുകയറുന്നുണ്ട്..!)
1 comment:
നമ്മള് മുതിര്‍ന്നവര്‍ എപ്പേഴും കുട്ടികളുടെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികള്‍ എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ നമ്മള് ശ്രമിക്കാറില്ല. കുട്ടികള്‍ സമയത്തെ, വസ്തുക്കളെ, വാക്കിനെ ഒക്കെ മനസ്സിലാക്കുന്നത് മുതിര്‍ന്നവര്‍ മനസ്സിലാക്കുന്നതു പോലെയേയല്ല. ഓരോ പ്രായത്തിലും ഈ മനസ്സിലാക്കലുകള്‍ മാറിവരും. അതായത്, ചിന്താശൈലികള്‍ക്ക് പ്രായവുമായി നല്ല ബന്ധമുണ്ട്.വികാസത്തിനനുസരിച്ചേ ചിന്താശൈലി മാറിവരൂ.
Post a Comment